ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ക്യാപ്റ്റൻ വിരാട് കോലിക്കുമെതിരെ ആക്രമണ ഭീഷണിയുമായി ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) ‘കോഴിക്കോട് ആസ്ഥാനമായുള്ള’ സംഘടനയുടെ കത്ത്. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായാണ് എൻഐഎയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചത്. എൻഐഎ ഇത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) അയച്ചുകൊടുത്തിട്ടുണ്ട്. പരമ്പരയിലെ ആദ്യ മത്സരം നവംബർ മൂന്നിന് ഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് (പഴയ ഫിറോസ് ഷാ കോട്‌ല) നടക്കുന്നത്. ഈ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാൻ ഡൽഹി പൊലീസിന് നിർദ്ദേശം നൽകി.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ‘ഓൾ ഇന്ത്യ ലഷ്കർ’ എന്ന ഭീകര സംഘടനയുടെ പേരിലാണ് കത്തയച്ചിരിക്കുന്നത്. ഇങ്ങനെയൊരു സംഘടന നിലവിലുള്ളതായി ആർക്കും അറിവില്ല. ഈ സാഹചര്യത്തിൽ കത്ത് വ്യാജമാകാനുള്ള സാധ്യതയുണ്ടെങ്കിലും താരങ്ങളുടെ സുരക്ഷാ വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ബിസിസിഐയുടെ നിലപാട്. ഇതോടെ, പരമ്പരയിലെ ആദ്യ മത്സരത്തിനു മുന്നോടിയായി തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കും. താരങ്ങളുടെ സുരക്ഷയും വർധിപ്പിക്കുന്നതിനൊപ്പം സ്റ്റേഡിയത്തിലും കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും.



