ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എം പോക്‌സ് (മങ്കി പോക്‌സ്) പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ അവസ്ഥ വിലയിരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ഇന്ത്യയില്‍ നിലവില്‍ എം പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രോഗം പടരുന്നത് തടയാനും നിയന്ത്രിക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വരും ദിവസങ്ങളില്‍ വിദേശത്തുനിന്നെത്തുന്നവരില്‍ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും, ഇന്ത്യയില്‍ വിലയ രീതിയില്‍ രോഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത നിലവില്‍ ഇല്ലെന്ന് മന്ത്രാലയം വിലയിരുത്തി. എംപോക്‌സുമായി ബന്ധപ്പെട്ട് 2022ല്‍ ലോകാരോഗ്യ സംഘടന ആദ്യമായി പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം, 30 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാര്‍ച്ചിലാണ് അവസാനമായി ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്, മന്ത്രാലയം അറിയിച്ചു.
നിലവില്‍ എംപോക്‌സ് കേസുകളൊന്നും തന്നെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും, സ്ഥിതിഗതികള്‍ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പ്രസ്താവനയില്‍ പറയുന്നു. രോഗം അതിതീവ്രമായി വ്യാപിക്കാന്‍ തുടങ്ങിയതോടെ ഓഗസ്റ്റ് 14നാണ് ലോകാരോഗ്യ സംഘടന വീണ്ടും ആഗോള തലത്തില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.



