കുറ്റ്യാടി: പണമായും സ്വർണമായും നിക്ഷേപം വാങ്ങി കോടികൾ തട്ടി ഇടപാടുകാരെ വഞ്ചിച്ചെന്ന പരാതിയിൽ കുറ്റ്യാടി ഗോൾഡ് പാലസ് മാനേജിങ് ഡയറക്ടർ അറസ്റ്റിൽ. കുളങ്ങരത്താഴ വടക്കെപറമ്പത്ത് വി.പി. സബീർ എന്ന സമീറിനെയാണ് (32) കുറ്റ്യാടി സി.ഐ. ടി.പി. ഫർഷാദ് അറസ്റ്റുചെയ്തത്. യൂത്ത്ലീഗ് മുൻനേതാവാണ് ഇയാൾ. ഇയാളെ പോലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് കുറ്റ്യാടി, നാദാപുരം, പയ്യോളി സ്റ്റേഷൻ പരിധികളിലായി നൂറിലേറെ പരാതികളാണ് പോലീസിന് ലഭിച്ചത്. പരാതിയെത്തുടർന്ന് ശനിയാഴ്ച കുറ്റ്യാടി, നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
നാലുവർഷം മുമ്പാണ് ഗോൾഡ് പാലസ് ജൂവലറി കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിൽ പ്രവർത്തനം തുടങ്ങിയത്. വലിയ വാഗ്ദാനങ്ങൾ നൽകി പണമായും സ്വർണമായുമാണ് നിക്ഷേപം സ്വീകരിച്ചത്. ഇതിനു പുറമേ മാസവരിയായും പണം സ്വീകരിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് സമീർ അപ്രത്യക്ഷമായതോടെയാണ് നിക്ഷേപകരിൽ സംശയമുണർന്നത്.
ഒട്ടേറെ പേർ കൂട്ടത്തോടെ മൂന്ന് ജൂവലറികളിലും തങ്ങളുടെ പണവും സ്വർണവും തിരികെ ആവശ്യപ്പെട്ടെത്തിയതോടെ വ്യാഴാഴ്ച മൂന്നിടങ്ങളിലെ ജൂവലറിയും പ്രവർത്തനം നിർത്തി. പത്തുപവൻ മുതൽ ഒരുകിലോ വരെ സ്വർണവും ലക്ഷക്കണക്കിന് രൂപയും നിക്ഷേപം നടത്തിയവയിൽ പെടും. കൂടാതെ വിവാഹം മുൻനിർത്തി നേരത്തേ പണം നിക്ഷേപിച്ച് സ്വർണമെടുക്കാൻ കാത്തിരിക്കുന്നവരും ഉണ്ട്. സ്ത്രീകളാണ് ഏറെയും പരാതിയുമായെത്തുന്നത്.
കുറ്റ്യാടി സ്റ്റേഷനിൽ ഞായറാഴ്ചവരെ 87 പരാതികൾ ലഭിച്ചു. നാദാപുരത്ത് 15 പരാതികളും കിട്ടിയിട്ടുണ്ട്. മൂന്ന് സ്റ്റേഷൻ പരിധികൾ ഉൾപ്പെട്ടതിനാൽ കോഴിക്കോട് റൂറൽ എസ്.പി. ഡോ. എ. ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ നാദാപുരം ഡിവൈ.എസ്.പി. ടി.പി. ജേക്കബ്ബിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പണവും സ്വർണവും നഷ്ടപ്പെട്ടിട്ടില്ലെന്നും നിക്ഷേപകർക്ക് തിരിച്ചുകൊടുക്കുമെന്നും അറസ്റ്റിലായ സമീർ പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്



