റിയാദ്∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തി. റിയാദ് ഗവർണർ പ്രിൻസ് ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, റിയാദ് കിംഗ് ഖാലിദ് എയർപോർട്ടിലെ റോയൽ ടെർമിനലിൽ പ്രധാനമന്ത്രിയെ ഔദ്യോഗികമായി സ്വീകരിച്ചു. വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽ ഖസബി, റിയാദ് പ്രവിശ്യ സെക്രട്ടറി എൻജി. ബിൻ സായിദ് അൽ മുത്തൈരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഇന്നു രാവിലെ വിവിധ വകുപ്പു മന്ത്രിമാരുമായി പ്രത്യേക ചർച്ച നടത്തും. ഇന്നുമുതൽ 31 വരെ നടക്കുന്ന മ്യൂച്ചൽ ഇൻവെസ്റ്റ്മെന്റ് ഫോറത്തിന്റെ മീറ്റിങ്ങിൽ അദ്ദേഹം പ്രസംഗിക്കും. ശേഷം സൗദി ഭരണാധികാരിയുമായും കിരീടാവകാശിയുമായും ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തും. ഇന്നു മുതൽ റിയാദിൽ നടക്കുന്ന നിക്ഷേപക സംഗമത്തിൽ 49 വൻകിട കമ്പനികൾ പങ്കെടുക്കുന്നുണ്ട്. സൗദിയിലെ നിക്ഷേപ സാധ്യതകൾ അനാവരണം ചെയ്യുന്ന സംഗമത്തിൽ 30 രാജ്യങ്ങളിൽ നിന്നായി 300 ഓളം പ്രതിനിധികൾ സംബന്ധിക്കുമെന്ന് മ്യൂച്ചൽ ഇൻവെസ്റ്റ് മെന്റ് ഫണ്ട് അധികൃതർ വ്യക്തമാക്കി. ഇന്ത്യയും സൗദിയും തമ്മിൽ തന്ത്ര പ്രധാനമായ ഒരു ഡസനോളം കരാറിൽ ഒപ്പുവയ്ക്കും.



