ഐഎസ്ആർഒയുടെ വിൻഡ് ടണൽ പദ്ധതിക്കായി മൂംബൈയിൽ നിന്നു എത്തിച്ച കൂറ്റൻ കാർഗോക്ക് കഴക്കൂട്ടം ബൈപാസ് കടക്കാൻ ആയില്ല. മൂന്നു ദിവസമായി വെട്ടുറോഡിനു സമീപം കാർഗോ നിർത്തി ഇട്ടിരിക്കുകയാണ്. കഴക്കൂട്ടം- കാരോട് ബൈപാസിൽ ആക്കുളത്തിനു സമീപം സ്വകാര്യ മാളിന്റെ മുൻപിൽ ഉള്ള ഫുട് ഓവർ ബ്രിജിന്റെ ഉയരക്കുറവാണ് വാഹനം കടന്നു പോകാൻ തടസ്സം
ആക്കുളത്ത് നിർമാണം പുരോഗമിക്കുന്ന മാളിന്റെ അടുത്തുള്ള ഓവർ ബ്രിജിന്റെ വശത്തുള്ള ഓട നികത്തി വാഹനം കടത്തി വിടാനുള്ള ശ്രമത്തിലാണ് അധികൃതർ. ആക്കുളം കടന്നു കിട്ടിയാൽ രണ്ടു ദിവസം കൊണ്ട് ചാക്ക ഓൾ സെയിന്റ്സ് കോളജ് വഴി വാഹനം ഐഎസ്ആർഒ കേന്ദ്രത്തിൽ എത്തും. 96 ചക്രങ്ങൾ ഉള്ള വാഹനങ്ങളിൽ രണ്ടു യന്ത്ര ഭാഗങ്ങളാണ് ഉള്ളത്.
128 ടൺ ആണ് കാർഗോയുടെ ഭാരം. നീളം 9.8 മീറ്ററും ഉയരം 5,7 മീറ്ററും ആണ്. ജൂലൈ 18നാണ് വാഹനം കൊല്ലത്തു നിന്നും യാത്ര തിരിച്ചത്. 12 ജീവനക്കാരാണ് കാർഗോയിൽ ഉള്ളത്. ലോക്കൽ പൊലീസിന്റെയും കെഎസ്ഇബിയുടെയും സംയുക്ത പരിശ്രമത്തിലൂടെയാണ് കാർഗോ മുന്നോട്ട് നീങ്ങുന്നത്. പോകുന്ന വഴിയിലെ മരച്ചില്ലകളും വൈദ്യുതി ലൈനുകളും മാറ്റേണ്ടി വരുന്നതിനാൽ വാഹനത്തിന് രാത്രിയിൽ സഞ്ചാരം ഇല്ല.



