രണ്ടു ടാപ്പിങ് തൊഴിലാളികളെ കാട്ടാന ചവിട്ടിക്കൊന്നു. തൃശൂര്‍ മറ്റത്തൂര്‍ മുപ്ലിയില്‍ ഹാരിസണ്‍ മലയാളം കണ്ടായി എസ്റ്റേറ്റിലാണ് സംഭവം. ടാപ്പിങ് തൊഴിലാളികളായ പീതാംബരന്‍, സൈനുദ്ദീന്‍ എന്നിവരാണ് മരിച്ചത്. ടാപ്പിങ് തൊഴിലാളികള്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തില്‍ വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും ചെയ്തു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. രാവിലെ ടാപ്പിങിനായി സൈക്കിളില്‍ വരുമ്ബോഴാണ് ഇവര്‍ കാട്ടാനയുടെ മുന്നില്‍ പെട്ടത്. ഒരാള്‍ സൈക്കിള്‍ കളഞ്ഞ് ഓടിയെങ്കിലും പിന്നാലെയെത്തി ചവിട്ടി കൊല്ലുകയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പതിവില്‍ നിന്ന് വ്യത്യസ്തമായി കാട്ടാനകള്‍ മഴക്കാലത്തും ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് ഭീതിയോടെയാണ് നാട്ടുകാര്‍ കാണുന്നത്. അതേസമയം ഈ പ്രദേശങ്ങളില്‍ വനംവകുപ്പിന്‍റെ നിരീക്ഷണം കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പാലപ്പിള്ളി റേഞ്ച് ഓഫീസറുടെ തസ്തിക കഴിഞ്ഞ കുറെ കാലമായി ഒഴിഞ്ഞു കിടക്കുകയാണ്. എന്തെങ്കിലും സംഭവം ഉണ്ടായാല്‍ തൊട്ടടുത്ത റേഞ്ച് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തേണ്ട അവസ്ഥയാണുള്ളതെന്നും പ്രദേശവാസികള്‍ പറയുന്നു.



